കോൽക്കത്ത: ബംഗാളിൽ കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിൽ സ്ഥാനാർഥികൾ വിജയിച്ച എഴുപതോളം മണ്ഡലങ്ങൾ ഇത്തവണ നിർണായകം. 11 ജില്ലകളിലാണ് ഈ മണ്ഡലങ്ങൾ. 2021ൽ 57 മണ്ഡലങ്ങളിൽ എണ്ണായിരമോ അതിൽ താഴെയോ ആയിരുന്നു ഭൂരിപക്ഷം. ഇതിൽ 29 മണ്ഡലങ്ങളിൽ തൃണമൂലും 28ൽ ബിജെപിയും വിജയിച്ചു. മൂവായിരത്തിൽ താഴെ മാർജിനുണ്ടായിരുന്ന 19 മണ്ഡലങ്ങളിൽ പന്ത്രണ്ടും വിജയിച്ചത് ബിജെപിയായിരുന്നു.
തൃണമൂൽ ഏഴിൽ വിജയിച്ചു. നന്ദിഗ്രാമിൽ 1956 വോട്ടിന്റെ വ്യത്യാസത്തിലാണ് മമത ബാനർജിയെ സുവേന്ദു അധികാരി പരാജയപ്പെടുത്തിയത്.
ഇത്തവണ ബംഗാളിൽ എസ്ഐആറിനുശേഷം 91 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയിട്ടുണ്ട്. ഇതു പല മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കും. കുൽതി മണ്ഡലത്തിൽ കഴിഞ്ഞ തവണ ബിജെപി വിജയിച്ചത് 679 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. ഈ മണ്ഡലത്തിൽ മാത്രം 38,000 വോട്ടർമാരെ ഒഴിവാക്കി. തൃണമൂൽ കോൺഗ്രസിന്റെ ശക്തികേന്ദ്രമായ മൂർഷിദാബാദ് ജില്ലയിൽ മാത്രം 7.49 ലക്ഷം വോട്ടർമാരെ ഒഴിവാക്കി. മുഖ്യമന്ത്രി മമത ബാനർജിയുടെ മണ്ഡലമായ ഭബാനിപുരിൽ 51,000 വോട്ടർമാരെയാണ് ഒഴിവാക്കിയത്.